പിതാവില്ലാത്തവരല്ല
ജോണ്‍ സോവേഴ്സ് തന്റെ ഫാദര്‍ലെസ് ജനറേഷന് എന്ന പുസ്തകത്തില്‍ എഴുതുന്നു: ''25 ദശലക്ഷം കുട്ടികള്‍ ഒറ്റ-രക്ഷാകര്‍ത്തൃ വീടുകളില്‍ വളരുന്ന ഈ തലമുറപോലെ മറ്റൊരു തലമുറയും സ്വമേധയാ പിതാവിന്റെ അഭാവം അനുഭവിച്ചിട്ടില്ല.'' എന്റെ സ്വന്തം അനുഭവത്തില്‍, ഞാന്‍ തെരുവില്‍വെച്ച് എന്റെ പിതാവുമായി കൂട്ടിയിടിച്ചാല്‍ പോലും അദ്ദേഹത്തെ തിരിച്ചറിയുമായിരുന്നില്ല. ഞാന്‍ വളരെ ചെറുപ്പമായിരുന്നപ്പോള്‍ എന്റെ മാതാപിതാക്കള്‍ വിവാഹമോചനം നേടി, എന്റെ പിതാവിന്റെ എല്ലാ ഫോട്ടോകളും കത്തിച്ചുകളഞ്ഞിരുന്നു. അങ്ങനെ വര്‍ഷങ്ങളായി, എനിക്കു പിതാവില്ലെന്നു തോന്നിയിരുന്നു. പതിമൂന്നാം വയസ്സില്‍ ഞാന്‍ കര്‍ത്താവിന്റെ പ്രാര്‍ത്ഥന കേട്ടു (മത്തായി 6:9-13), എന്നോടുതന്നെ പറഞ്ഞു, നിനക്ക് ഒരു ഭൗമിക പിതാവില്ലായിരിക്കാം, എന്നാല്‍ ഇപ്പോള്‍ നിനക്കു ദൈവം സ്വര്‍ഗ്ഗീയ പിതാവായുണ്ട്.
മത്തായി 6:9-ല്‍, ''സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ'' എന്നു പ്രാര്‍ത്ഥിക്കാന്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നു. മുമ്പിലുള്ള 7-ാം വാക്യത്തില്‍, പ്രാര്‍ത്ഥിക്കുമ്പോള്‍ ''ജല്പനം ചെയ്യരുത്'' എന്ന് പറയുന്നു. ഈ വാക്യങ്ങള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നാം ചിന്തിച്ചേക്കാം. ദൈവം ഓര്‍മ്മിക്കുന്നതിനാല്‍ നാം ആവര്‍ത്തിക്കേണ്ടതില്ലെന്നാണ് അതിനര്‍ത്ഥം എന്നു ഞാന്‍ മനസ്സിലാക്കി. അവിടുന്നു ശരിക്കും മനസ്സിലാക്കുന്നു, അതിനാല്‍ നാം വിശദീകരിക്കേണ്ടതില്ല. അവിടുത്തേക്ക് അനുകമ്പയുള്ള ഒരു ഹൃദയമുണ്ട്, അതിനാല്‍ അവിടുത്തെ നന്മയെക്കുറിച്ചു നാം അനിശ്ചിതത്വത്തിലാകേണ്ടതില്ല. അവിടുത്തേക്ക് ആരംഭത്തില്‍ തന്നെ അവസാനം അറിയാമെന്നതിനാല്‍, അവിടുത്തെ സമയം തികവുള്ളതാണെന്നു നമുക്കറിയാം.
ദൈവം നമ്മുടെ പിതാവായതിനാല്‍, അവിടുത്തെ ചലിപ്പിക്കാന്‍ നാം ''ധാരാളം വാക്കുകള്‍'' ഉപയോഗിക്കേണ്ടതില്ല (വാ. 7). നമ്മെ സ്നേഹിക്കുകയും പരിപാലിക്കുകയും യേശുവിലൂടെ നമ്മെ മക്കളാക്കുകയും ചെയ്ത ഒരു പിതാവിനോടാണ് പ്രാര്‍ത്ഥനയിലൂടെ നാം സംസാരിക്കുന്നത്.
നമ്മുടെ വിശ്വാസം പങ്കിടുന്നതിലെ ''എന്ത്''
പരസ്യമായി സംസാരിക്കാനുള്ള ഭയത്തെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് ഉപദേശം തേടുന്നതിനായി മഹേഷ് എന്റെയടുത്തെത്തി. മറ്റു പലരെയും പോലെ, അവന്റെ ഹൃദയം ശക്തിയായി മിടിക്കും, അവന്റെ തൊണ്ട വരളും, അവന്റെ മുഖം കഠനിമായി ചുവക്കും. ആളുകള്‍ക്കുള്ള സാമൂഹിക ഭയങ്ങളില്‍ ഏറ്റവും സാധാരണമായ ഒന്നാണ് ഗ്ലോസോഫോബിയ - പരസ്യമായി സംസാരിക്കുന്നതിനെ മരണത്തേക്കാള്‍ തങ്ങള്‍ ഭയപ്പെടുന്നുവെന്ന് പലരും തമാശ പറയാറുണ്ട്! നന്നായി ''പ്രകടനം'' കാഴ്ചവയ്ക്കാന്‍ കഴിയാത്ത ഈ ഭയത്തെ അതിജീവിക്കുന്നതിനു മഹേഷിനെ സഹായിക്കാനായി, അവന് എത്ര നന്നായി തന്റെ സന്ദേശം അവതരിപ്പിക്കുന്നു എന്നതിനെക്കാള്‍ സന്ദേശത്തിന്റെ ഉള്ളടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ മഹേഷിനെ ഉപദേശിച്ചു.
ഒരു കാര്യം പങ്കിടുന്നതിനുള്ള കഴിവിനെക്കാള്‍, എന്തു പങ്കിടുന്നു എന്നതിലേക്കു ശ്രദ്ധകേന്ദ്രീകരിക്കുന്നത്, മറ്റുള്ളവര്‍ക്കു ദൈവത്തെ ചൂണ്ടിക്കാണിക്കുന്നതില്‍ പൗലൊസ് സ്വീകരിച്ച സമീപനത്തിനു സമാനമാണ്. കൊരിന്തിലെ സഭയ്ക്കു ലേഖനമെഴുതിയപ്പോള്‍, തന്റെ സന്ദേശവും പ്രസംഗവും ''ജ്ഞാനത്തിന്റെ വശീകരണവാക്കുകളാല്‍ അല്ല'' (1 കൊരിന്ത്യര്‍ 2:4) എന്നു പൗലൊസ് എഴുതി. പകരം, യേശുക്രിസ്തുവിന്റെ സത്യത്തിലും അവിടുത്തെ ക്രൂശീകരണത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടും (വാ. 2), ഒരു പ്രഭാഷകനെന്ന നിലയില്‍ തന്റെ വാചാലതയിലല്ല, തന്റെ വാക്കുകളെ ശക്തീകരിക്കാന്‍ പരിശുദ്ധാത്മാവിനെ ആശ്രയിച്ചുകൊണ്ടുമാണ് പൗലൊസ് ശുശ്രൂഷ നിര്‍വഹിച്ചത്.
നാം ദൈവത്തെ വ്യക്തിപരമായി അറിയുമ്പോള്‍, ദൈവത്തെക്കുറിച്ചു നമുക്കു ചുറ്റുമുള്ളവരുമായി പങ്കിടാന്‍ നാം ആഗ്രഹിക്കും. എന്നിട്ടും, അതു ശരിയായി അവതരിപ്പിക്കാതിരിക്കാന്‍ കഴിയുമോ എന്നു ഭയപ്പെട്ട് - ശരിയായ വാക്കുകള്‍ കിട്ടുമോ എന്നു ഭയന്ന് - നാം ചിലപ്പോള്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. പകരം നാം ''എന്തു'' പറയുന്നു എന്നതിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ - ദൈവം ആരാണെന്നുള്ള സത്യവും അവിടുത്തെ അത്ഭുതകരമായ പ്രവൃത്തികളും - പൗലൊസിനെപ്പോലെ നമുക്കും, നമ്മുടെ വാക്കുകളെ ശാക്തീകരിക്കാന്‍ ദൈവത്തിലാശ്രയിക്കാന്‍ കഴിയും. അങ്ങനെ ഭയമോ വിമുഖതയോ കൂടാതെ സുവിശേഷം പങ്കുവെയ്ക്കാന്‍ നമുക്കു കഴിയും.
ദൈവത്തില്‍ മാത്രം ആശ്രയിക്കുന്നു
ചില ''രക്ഷകള്‍'' തങ്ങള്‍ക്കു നല്ല ഭാഗ്യം കൊണ്ടുവന്നുവെന്ന് ചില ആളുകള്‍ നിങ്ങളോടു പറഞ്ഞേക്കാം. ചിലര്‍ക്ക് ഇത് ചില 'ഏലസ്സുകള്‍' ആണ്, മറ്റു ചിലര്‍ക്ക് ഇത് പ്രത്യേക നാണയങ്ങള്‍, പാരമ്പര്യമായി കിട്ടിയ വസ്തുക്കള്‍, അല്ലെങ്കില്‍ ശുഭദിനങ്ങള്‍ എന്നിവയാണ്. ഇവ അഭിവൃദ്ധി കൊണ്ടുവരുമെന്ന് അവര്‍ വിശ്വസിക്കുകയും അതിനായി പലരും കൂടുതല്‍ സമയവും ശ്രദ്ധയും കൊടുക്കുകയും ചെയ്യുന്നു.
സൗഭാഗ്യങ്ങളിലുള്ള ഈ സാര്‍വത്രിക വിശ്വാസം, വിവിധ സംസ്കാരങ്ങളില്‍ വ്യത്യസ്ത രീതിയിലായിരിക്കും. നമ്മുടെ ആത്യന്തിക ക്ഷേമത്തിനായി ദൈവത്തില്‍ നിന്നും വ്യത്യസ്തമായ മറ്റെന്തിലെങ്കിലും -പണമോ, മാനുഷിക ബലമോ, അല്ലെങ്കില്‍ മതപരമായ പാരമ്പര്യമോ - ആശ്രയിക്കാനുള്ള നമ്മുടെ മാനുഷിക പ്രവണതയെയാണ് അതു ചൂണ്ടിക്കാണിക്കുന്നത്. അശ്ശൂരില്‍നിന്നുള്ള ആക്രമണ ഭീഷണി വന്നപ്പോള്‍, തങ്ങളുടെ പാപങ്ങളില്‍ നിന്നു തിരിഞ്ഞു ദൈവത്തോടു വ്യക്തിപരമായി അടുക്കുന്നതിനു പകരം, യെഹൂദാജനം ഫറവോന്റെ സഹായം തേടിയപ്പോള്‍ ദൈവം ഇതിനെതിരായി മുന്നറിയിപ്പു നല്കി: 'മനംതിരിഞ്ഞ് അടങ്ങിയിരുന്നാല്‍ നിങ്ങള്‍ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം; എങ്കിലും നിങ്ങള്‍ക്കു മനസ്സാകാതെ അല്ല, ഞങ്ങള്‍ കുതിരപ്പുറത്തു കയറി ഓടിപ്പോകുമെന്നു നിങ്ങള്‍ പറഞ്ഞു; അതുകൊണ്ടു നിങ്ങള്‍ ഓടിപ്പോകേണ്ടി വരും'' (യെശയ്യാവ് 30:15-16).
അവരുടെ ''സഹായം തേടിയുള്ള യാത്ര'' പരാജയപ്പെട്ടു (ദൈവം അരുളിച്ചെയ്തതുപോലെ തന്നെ). അശ്ശൂര്‍ യെഹൂദയെ വളഞ്ഞു. എന്നാല്‍ ദൈവം തന്റെ ജനത്തോടു പറഞ്ഞു, 'കര്‍ത്താവ് നിങ്ങളോട് കൃപ കാണിക്കാന്‍ ആഗ്രഹിക്കുന്നു.'' നാം ചെറിയ കാര്യങ്ങളില്‍ ആശ്രയിക്കുമ്പോഴും, തങ്കലേക്കു മടങ്ങിവരുന്നതിനു നമ്മെ സഹായിക്കാന്‍ ദൈവം തന്റെ കൈ നീട്ടിയിരിക്കുന്നു. 'അവനായി കാത്തിരിക്കുന്നവരൊക്കെയും; ഭാഗ്യവാന്മാര്!'' (വാ. 18).
വൃത്തിയാക്കല്‍ രീതി
വാഷ്ബേസിനില്‍ കൈകഴുകിക്കൊണ്ട്, രണ്ടു കൊച്ചുകുട്ടികള്‍ പരസ്പരം ''ഹാപ്പി ബര്‍ത്ത്ഡേ'' എന്നു രണ്ടു പ്രാവശ്യം വീതം സന്തോഷത്തോടെ പാടുന്നു. ''അണുക്കളെ കഴുകിക്കളയാന്‍ അത്രയധികം സമയമെടുക്കും,'' അവരുടെ അമ്മ അവരോടു പറയുന്നു. കോവിഡ്-19 മഹാമാരിക്കു മുമ്പുതന്നെ, സമയമെടുത്ത് അവരുടെ കൈകളില്‍ നിന്ന് അഴുക്കു വൃത്തിയാക്കാന്‍ അവര്‍ പഠിച്ചു.
മഹാമാരിയില്‍നിന്നു നാം പഠിച്ചതുപോലെ, വസ്തുക്കളെ വൃത്തിയായി സൂക്ഷിക്കുന്നതു ശ്രമകരമായ ഒരു പ്രക്രിയയാണ്. എന്നിരുന്നാലും, പാപത്തെ മായിച്ചുകളയുക എന്നതിനര്‍ത്ഥം, ദൈവത്തിലേക്കു മടങ്ങിച്ചെല്ലുന്നതിനുള്ള ചുവടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്.
റോമാ സാമ്രാജ്യത്തിലുടനീളം ചിതറിക്കിടക്കുന്ന യേശുവിലുള്ള വിശ്വാസികളോട് തങ്ങളുടെ ശ്രദ്ധ ദൈവത്തിലേക്കു തിരിക്കാന്‍ യാക്കോബ് ആവശ്യപ്പെട്ടു. കലഹങ്ങളും തമ്മില്‍ത്തല്ലും, നേതൃത്വം, സമ്പത്ത്, ലൗകിക സുഖങ്ങള്‍, പണം, അംഗീകാരം എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളും അവരെ ദൈവത്തിന്റെ ശത്രുക്കളാക്കി മാറ്റി. ''ആകയാല്‍ നിങ്ങള്‍ ദൈവത്തിനു കീഴടങ്ങുവിന്; പിശാചിനോട് എതിര്ത്തുനില്ക്കുവിന്; എന്നാല്‍ അവന് നിങ്ങളെ വിട്ട് ഓടിപ്പോകും. ... പാപികളേ, കൈകളെ വെടിപ്പാക്കുവിന്‍; ഇരുമനസ്സുള്ളവരേ, ഹൃദയങ്ങളെ ശുദ്ധീകരിക്കുവിന്‍'' (യാക്കോബ് 4:7-8) എന്നു യാക്കോബ് അവര്‍ക്കു മുന്നറിയിപ്പു നല്കി. പക്ഷെ എങ്ങനെ?
''ദൈവത്തോട് അടുത്തു ചെല്ലുവിന്‍; എന്നാല്‍ അവന് നിങ്ങളോട് അടുത്തുവരും'' (വാ. 8). നമ്മുടെ ജീവിതത്തില്‍ നിന്ന് പാപത്തിന്റെ അഴുക്കു നീക്കിക്കളയാന്‍ ദൈവത്തിങ്കലേക്കു തിരിയേണ്ടതിന്റെ ആവശ്യകത വിവരിക്കുന്ന വാക്കുകളാണ് ഇവ. ശുദ്ധീകരണ രീതി യാക്കോബ് വിശദീകരിച്ചു: ''സങ്കടപ്പെട്ടു ദുഃഖിച്ചു കരയുവിന്‍; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. കര്‍ത്താവിന്റെ സന്നിധിയില്‍ താഴുവിന്‍; എന്നാല്‍ അവന് നിങ്ങളെ ഉയര്‍ത്തും'' (വാ. 9-10).
നമ്മുടെ പാപത്തെ കൈകാര്യം ചെയ്യുന്നത് നമ്മെ വിനയപ്പെടുത്തും. എന്നാല്‍ ഹല്ലേലൂയാ, നമ്മുടെ ''കഴുകല്‍'' ആരാധനയാക്കി മാറ്റാന്‍ ദൈവം വിശ്വസ്തനാണ്.
ദൈവത്തെ ബഹുമാനിക്കുന്നതു തിരഞ്ഞെടുക്കുക
ലിയോ ടോള്‍സ്റ്റോയിയുടെ ഫാമിലി ഹാപ്പിനെസ് എന്ന നോവലില്‍, പ്രധാന കഥാപാത്രങ്ങളായ സെര്‍ജിയും മാഷയും, മാഷ ചെറുപ്പവും ആകര്‍ഷകയുമായിരുന്നപ്പോഴാണ് കണ്ടുമുട്ടുന്നത്. മാഷ ഗ്രാമീണ പശ്ചാത്തലത്തിലുള്ള തനി നാടന്‍ പെണ്‍കുട്ടിയാണ്. സെര്‍ജിയാകട്ടെ പ്രായമുള്ളവനും ധാരാളം യാത്ര ചെയ്യുന്നവനും ലോകപരിചയമുള്ളവനുമായ ബിസ്സിനസുകാരനും. കാലക്രമേണ ഇരുവരും പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്യുന്നു.
അവര്‍ നാട്ടിന്പുറത്തു സ്ഥിരതാമസമാക്കുന്നു, പക്ഷേ മാഷയ്ക്ക് അവളുടെ ചുറ്റുപാടുകളില്‍ മടുപ്പുളവാകുന്നു. അവളെ ആരാധിക്കുന്ന സെര്‍ജി, സെന്റ് പീറ്റേഴ്സ്ബര്‍ഗ്ഗിലേക്ക് ഒരു യാത്ര ക്രമീകരിക്കുന്നു. അവിടെ, മാഷയുടെ സൗന്ദര്യവും മനോഹാരിതയും അവളെ തല്‍ക്ഷണം പ്രശസ്തയാക്കുന്നു. ദമ്പതികള്‍ നാട്ടിലേക്കു മടങ്ങാന്‍ തയ്യാറാകുന്നതിനിടയില്‍, ഒരു രാജകുമാരന് അവളെ കാണാന്‍ ആഗ്രഹിച്ച് പട്ടണത്തിലെത്തുന്നു. മാഷയെ നിര്‍ബന്ധിച്ച് തന്നോടൊപ്പം കൊണ്ടുപോകാന്‍ കഴിയുമെന്നു സെര്‍ജിക്ക് അറിയാമെങ്കിലും ഒരു തീരുമാനമെടുക്കാന്‍ അയാള്‍ അവളെ അനുവദിക്കുന്നു. അവള് രാജകുമാരനോടൊപ്പം താമസിക്കുന്നതു തിരഞ്ഞെടുക്കുന്നു, അവളുടെ വിശ്വാസവഞ്ചന സെര്‍ജിയുടെ ഹൃദയത്തെ തകര്‍ക്കുന്നു.
സെര്‍ജി ചെയ്തതുപോലെ, തന്നോടു വിശ്വസ്തരായിരിക്കാന്‍ ദൈവം ഒരിക്കലും നമ്മെ നിര്‍ബന്ധിക്കുന്നില്ല. അവിടുന്നു നമ്മെ സ്നേഹിക്കുന്നതിനാല്‍ അവിടുത്തെ തിരഞ്ഞെടുക്കാനോ ഉപേക്ഷിക്കാനോ അവിടുന്നു നമ്മെ അനുവദിക്കുന്നു. നമ്മുടെ ആദ്യ തിരഞ്ഞെടുപ്പ് നമ്മുടെ പാപത്തിനു പരിഹാരമായിത്തീര്‍ന്ന തന്റെ പുത്രനായ യേശുക്രിസ്തുവിനെ ( യോഹന്നാന് 4:9-10) നാം സ്വീകരിക്കുമ്പോള്‍ സംഭവിക്കുന്നു. അതിനുശേഷവും, നമുക്ക് ആജീവനാന്തം തീരുമാനമെടുക്കാനുണ്ട്.
ദൈവത്തിന്റെ ആത്മാവു നമ്മെ നയിക്കുന്നതുപോലെ നാം ദൈവത്തോടുള്ള വിശ്വസ്തത തിരഞ്ഞെടുക്കുമോ അതോ ലോകം നമ്മെ വശീകരിക്കാന്‍ അനുവദിക്കുമോ? ദാവീദിന്റെ ജീവിതം പൂര്‍ണ്ണതയുള്ളതായിരുന്നില്ല, എന്നാല്‍ 'യഹോവയുടെ വഴികള്‍' പിന്തുടരുന്നതിനെക്കുറിച്ചും അങ്ങനെ ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന നല്ല ഫലങ്ങളെക്കുറിച്ചും അവന് പലപ്പോഴും എഴുതിയിട്ടുണ്ട് (സങ്കീര്‍ത്തനം 18:21-24). നമ്മുടെ തിരഞ്ഞെടുപ്പുകള്‍ ദൈവത്തെ ബഹുമാനിക്കുമ്പോള്‍, ദാവീദ് വിവരിച്ച അനുഗ്രഹം നമുക്ക് അനുഭവിക്കാന്‍ കഴിയും - നിഷ്കളങ്കനോടു നീ നിഷ്കളങ്കനായിരിക്കും.